പാലോട് ബാലകൃഷ്ണ പിള്ള വധക്കേസ്: ഒന്നാം പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

പാലോട് ബാലകൃഷ്ണപിള്ള വധക്കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. പാങ്ങോട് മൈലമൂട് വാഴോട്ടുകാല തടത്തരികത്ത് വീട്ടിൽ റോണി എന്ന അനീഷ് (42), കൊച്ചാന കല്ലുവിള വേലൻമുക്ക് നളൻ (42) എന്നിവരെയാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്. 

ഒന്നാം പ്രതി അനീഷ് പത്ത് വർഷ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവും അനുഭവിക്കണം. രണ്ടാം പ്രതി നളന് ഒരു വർഷം തടവും 40,000 രൂപയുമാണ് ശിക്ഷ. 2016 മാർച്ച് 31ന് ഉച്ചക്ക് രണ്ടിനുശേഷമാണ് സംഭവം. 

ബാലകൃഷ്ണപിള്ള കോട്ടയപ്പൻകാവ് പോസ്റ്റ് ഓഫിസിന് സമീപം നടത്തിയിരുന്ന സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങിയ പ്രതികൾ പണം നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. കടയുടമ പണം ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതി പിടിച്ചുതള്ളിയപ്പോൾ തല തറയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.

Share this story