ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു
ഡയാലിസിസിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ, ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് കേസെടുത്ത് പോലീസ്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനെത്തുടർന്നു മരിച്ച രണ്ടുപേരുടെയും കേസ് ഷീറ്റുകൾ ആരോഗ്യ വകുപ്പ് പരിശോധിക്കും.ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടത്താത്തതിനാൽ കേസ് ഷീറ്റ് വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചെങ്കിലേ മരണകാരണം ഉൾപ്പെടെ കണ്ടെത്താനാകൂ.സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണു നൽകിയതെന്നു ഡിഎംഒ അറിയിച്ചു.
29ന് ഡയാലിസിസിനെത്തുടർന്ന് 6 പേർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ 3 പേരുടെ സ്ഥിതി മോശമായിരുന്നതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുകയും അതിൽ രണ്ടു പേർ മരിക്കുകയും ചെയ്തു. കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്.
