ശമ്പളം ഗഡുക്കളായി നൽകുന്നത് ജീവനക്കാരെ ഉപദ്രവിക്കാനല്ല, ഒന്നിച്ച് വേണ്ടവർക്ക് അങ്ങനെ നൽകും: ഗതാഗത മന്ത്രി
Fri, 17 Feb 2023

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല. ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും. എതിർപ്പിന്റെ ഘടകം ഏതെന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു.
വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിർദേശം കെഎസ്ആർടിസിയിൽ നൽകിയിട്ടില്ല. മന്ത്രിയെന്ന നിലയിൽ ഒരു നിർദേശവും നൽകിയിട്ടില്ല. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന് ഇന്നലെ സിഎംഡി പറഞ്ഞിരുന്നു. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷവുമാകും നൽകുക