തണ്ണീർ കൊമ്പൻ്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ; മരണകാരണം അന്വേഷിക്കാൻ വിദഗ്ധ സമിതി

Thaneer

തണ്ണീർ കൊമ്പൻ്റെ മരണകാരണം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് വനം വകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനിടെ തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ ഉള്ളതായി റിപ്പോർട്ട്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ വേണ്ടി ഉപയോഗിച്ചതാകാം എന്ന് സംശയം. ഇതിനിടെ തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചില്ലെന്നും ട്രാക്ക് ചെയ്യാൻ ഇത് തടസ്സമായി. ആനയെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാനന്തവാടി നഗരത്തിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുകയായിരുന്നു. പിന്നാലെ ബന്ദിപ്പൂരിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞിരുന്നു.

ഇതിനിടെ തണ്ണീർ കൊമ്പൻ്റെ മരണകാരണം സംബന്ധിച്ച് കർണ്ണാടക-കേരള ഫോറസ്റ്റ് വിഭാഗങ്ങൾ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ആനയുടെ പിൻ ഭാഗത്തെ മുഴയിൽ നിന്നുണ്ടായ അണുബാധ ആന്തരിക അവയവങ്ങളെയും ശ്വാസകോശത്തെയും ബാധിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് കേരള വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ മയക്കു വെടി വെച്ചതിനുശേഷം പടക്കം പൊട്ടിച്ചതും ആളുകൾ ശബ്ദം ഉണ്ടാക്കിയതുമെല്ലാം ആനയെ പരിഭ്രാന്തനാക്കി ഇതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം ആന ചരിഞ്ഞെന്നാണ് കർണാടക വനം വകുപ്പിന്റെ നിലപാട്.

ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലായിരുന്നു തണ്ണീർ കൊമ്പൻ്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കേരള-കർണാടക വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നാലു മണിക്കൂറിലേറെ നീണ്ടുനിന്ന പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളിൽ നടന്നത്. വൈകീട്ടോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി ആനയുടെ ജഡം ഉൾവനത്തിൽ സംസ്കരിച്ചു.

Share this story