പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും; ആരോഗ്യമന്ത്രിക്കെതിരെ സതീശൻ

satheeshan

പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്ന് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ഗുരുതരമായ അനാവസ്ഥയാണ് നടന്നത്. ഇക്കാര്യത്തിൽ അതീവ ദുഃഖിതരാണ് വന്ദനയുടെ മാതാപിതാക്കളെന്നും സതീശൻ പറഞ്ഞു

സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടുകൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്. പോലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും. 

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഹൗസ് സർജൻമാർക്കും എന്ത് പരിചയം വേണമെന്നാണ് മന്ത്രി പറയുന്നത്. എന്ത് പരിചയം വേണമെന്നാണ് അവർ ലക്ഷ്യം വെക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗൗരവം വേണം. കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാർ ജോലി ചെയ്യുന്നത്. സംഭവത്തെ പോലീസുകാർ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശൻ പറഞ്ഞു.
 

Share this story