ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം; സമാപന സമ്മേളനം യെച്ചൂരി ഉദ്ഘാടനം ചെയ്യും

jadha

സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം. വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഏറെ വിവാദങ്ങളും ശക്തമായ പ്രതിപക്ഷ പ്രതിഷേധവുമൊക്കെ സർക്കാരിനെ പിടിച്ചുകുലുക്കിയ സമയത്ത് തന്നെയാണ് സിപിഎമ്മിന്റെ ജാഥയും നടന്നത് എന്നത് ശ്രദ്ധേയമാണ്

ആകാശ് തില്ലങ്കേരിയുമായുള്ള വിഷയമാണ് ജാഥ തുടങ്ങുമ്പോൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത്. പിന്നീട് മുഖ്യമന്ത്രിയുടെ സുരക്ഷയും ബജറ്റിലെ അധിക നികുതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമൊക്കെ ജാഥയുടെ ശോഭ കെടുത്തുന്ന സംഭവങ്ങളായിരുന്നു. ഇപി ജയരാജൻ ആദ്യ ഘട്ടത്തിൽ ജാഥയിൽ നിന്നും മാറി നിന്നതും പാർട്ടിക്ക് ക്ഷീണമായി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലാണ് ജാഥാ ക്യാപ്റ്റൻ എംവി ഗോവിന്ദനെ വ്യക്തിപരമായി തന്നെ ഏറെ സമ്മർദത്തിലാക്കിയത്. ജാഥക്കിടയിൽ തന്നെ സ്വപ്‌നക്കെതിരെ മാനഷ്ടക്കേസ് കൊടുക്കേണ്ടി വന്നു എം വി ഗോവിന്ദന്. എങ്കിലും ഉയർന്നുവന്ന വിവാദങ്ങളെ സമചിത്തതയോടെ നേരിട്ട് കൂടുതൽ വാർത്തകൾക്ക് ഇടം നൽകാതെ ജാഥ വിജയകരമായി പൂർത്തിയാക്കുകയാണ് അദ്ദേഹം. കോടിയേരിക്ക് ശേഷം പാർട്ടിയിൽ നിലയുറപ്പിക്കുകയാണ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വി ഗോവിന്ദൻ
 

Share this story