ശബരിമല വികസനത്തില്‍ ജനവികാരംകൂടി കണക്കിലെടുക്കണം; സുപ്രീം കോടതി

Shabarimala

ശബരിമല വികസന പ്രശ്നങ്ങളില്‍ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി. വന്യമൃഗപ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.  ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അമിക്കസ്‌ക്യൂറി കെ.പരമേശ്വര്‍ സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും, ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.  ഈ മൂന്ന് സംവിധാനങ്ങളും ഉളള സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. 

ഈ ഘട്ടത്തിലാണ് കോടതിയില്‍ ഹാജരായിരുന്ന സുപ്രീം കോടതിയില്‍ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി സെക്രട്ടറി കെ.അമര്‍നാഥ് ഷെട്ടി ഹൈക്കോടതി ഇടപെടലിനെ വിമര്‍ശിച്ചത്. ചട്ടങ്ങള്‍ മറികടന്നാണ് ഹൈക്കോടതി ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന് ആരോപിച്ചു. ഹൈക്കോടതിയുടെ വിധികളില്‍ തെറ്റുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Share this story