പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Periya Murder

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തരമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടത്. 

പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.

അതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം രംഗത്തെത്തി. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത്ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിലകൊണ്ടതെന്ന് സത്യനാരായണന്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയുള്ളതുപോലെയാണ് അവര്‍ പെരുമാറിയത്. പത്ത് പ്രതികളേയും ഇപ്പോള്‍ പരോളില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലില്‍ വലിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിനാല്‍ അവരെ ജയില്‍ മാറ്റമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ശരത്ലാലിന്റെ പിതാവ് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവര്‍ക്ക് പരമസുഖമാണ്. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ അഞ്ച് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്.

Tags

Share this story