പെരിയാറിലെ മത്സ്യക്കുരുതി: സർക്കാർ നിസംഗരായി നിൽക്കുന്നു, കെടുകാര്യസ്ഥതയാണ് മുഖമുദ്രയെന്ന് സതീശൻ

പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാർ നിസംഗരായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെള്ളം പരിശോധിക്കാൻ പോലും തയാറായിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ജല പരിശോധന കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ അത് ഇപ്പോൾ നിലച്ചു. പാതാളം ബണ്ട് തുറന്നതാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് പറയുന്നത് വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

മലനീകരണ നിയന്ത്രണ ബോർഡ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. വിഷ ബാധയേറ്റ് ചത്ത മത്സ്യം മാർക്കറ്റിൽ വിറ്റിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പോലും നടന്നില്ല. ഉത്തരവാദിത്തപ്പെട്ട സർക്കാർ ഏജൻസികളെല്ലാം നിസംഗരായി നിൽക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പോലും സർക്കാർ തയാറായിട്ടില്ല. ഡാം തുറന്നപ്പോഴുണ്ടായ ഓക്സിജന്റെ കുറവിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ ആരെ രക്ഷിക്കാനാണെന്ന് അറിയില്ല.

സംസ്ഥാനം മുഴുവൻ വെള്ളക്കെട്ടിലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒരിടത്തും നടന്നിട്ടില്ല. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്ര. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്. പല കനാലുകളും അടച്ചു കൊണ്ടാണ് നിർമാണം. ബോട്ട് സർവീസ് പോലും തടസപ്പെടുത്തിയാണ് പാലങ്ങൾ നിർമിക്കുന്നത്. എന്നിട്ടും സർക്കാർ നോക്കി നിൽക്കുകയാണ്. പൊതുമരാമത്ത് വകുപ്പിനും ഒരു ഉത്തരവാദിത്തവുമില്ലെന്നും സതീശൻ ആരോപിച്ചു. 

Share this story