പെട്രോൾ വാഗണിന് തീപിടിച്ച സംഭവം; അപകടത്തിന് കാരണം കാക്ക ഷോക്കേറ്റ് വീണത്
Jan 14, 2026, 08:38 IST
തിരുവനന്തപുരത്ത് ട്രാക്കിൽ നിർത്തിയിട്ടിരുന്ന പെട്രോൾ വാഗണിന് തീപിടിച്ച സംഭവത്തിന് കാരണം കാക്ക ഷോക്കേറ്റ് വീണതെന്ന് റിപ്പോർട്ട്. റെയിൽവേയുടെ ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ കാക്ക വീണത് പെട്രോൾ വാഗണിന് മുകളിലാണ്. ഇതോടെയാണ് വാഗണിലേക്കും തീ പടർന്നത്
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഔട്ടറിൽ പിടിച്ചിട്ടിരുന്ന പെട്രോൾ വാഗണിന് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് തീപിടിച്ചത്. ടാങ്കറിന് മുകളിൽ വാൽവിന്റെ ഭാഗത്ത് തീ പടർന്നതോടെ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. പിന്നാലെ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്
ടാങ്കറിന് മുകളിൽ തീപടർന്നതോടെ ചോർച്ചയുണ്ടോയെന്ന സംശയവുമുണ്ടായി. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്ത് തുടരുകയും ചെയ്തു. വാൽവ് തുറന്ന് സുരക്ഷ ഉറപ്പാക്കിയിട്ടും ട്രെയിൻ ഒരു മണിക്കൂറോളം നേരം നിർത്തിയിട്ടു.
