മന്ത്രി റിയാസിനെതിരായ പി എഫ് ഐ പരാമർശം; സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് പരാതി

K Surendran

മന്ത്രി പിഎ മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് പരാതി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീമാണ് ഡിജിപിക്ക് പരാതി നൽകിയത്. ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും സമൂഹത്തിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടതുമാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു

മന്ത്രി മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ഉൾപ്പെടെ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിനെ മന്ത്രിയാക്കിയത് മുസ്ലിം തീവ്രവാദികളുടെ വോട്ട് നേടാനാണെന്നുമുള്ള സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതാണ്. സമുഹത്തിൽ മതസ്പർധ ലക്ഷ്യമിട്ടാണ് പരാമർശം. സുരേന്ദ്രന്റെ പ്രസ്താവനയിൽ സർക്കാരോ ഇടതുപക്ഷമോ നിയമനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പരാതി നൽകിയതെന്നും ആദിൽ പറഞ്ഞു.
 

Share this story