സംസ്ഥാനത്തെ ചിത്രം പൂർണമായി: 18 സീറ്റുകളിൽ യുഡിഎഫ്; എൽഡിഎഫിനും എൻഡിഎക്കും ഓരോ സീറ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. 18 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് ആശ്വാസമായി ഒരു സീറ്റും ചരിത്രം കുറിച്ച് എൻഡിഎ ഒരു സീറ്റിലും വിജയിച്ചു. അവസാന നിമിഷം വരെ ലീഡുനില മാറി മറിഞ്ഞ ആറ്റിങ്ങലിൽ ഫോട്ടോഫിനിഷിൽ അടൂർ പ്രകാശ് കൂടി ജയിച്ചതോടെയാണ് യുഡിഎഫിന് 18 സീറ്റുകൾ നേടാനായത്

ആറ്റിങ്ങലും മാവേലിക്കരയും, തിരുവനന്തപുരവും ഒഴിച്ചുനിർത്തിയാൽ വൻ ഭൂരിക്ഷത്തിലാണ് മറ്റ് യുഡിഎഫ് സ്ഥാനാർഥികളെല്ലാം ജയിച്ചു കയറിയത്. വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം തന്നെയാണ് ഏറ്റവും മുന്നിൽ. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ നേടിയ ഭൂരിപക്ഷമാണ് രണ്ടാം സ്ഥാനത്ത്. 2,98,759 വോട്ടുകളുടെ ഭൂരിപക്ഷമാണ് മലപ്പുറം ഇടിക്ക് സമ്മാനിച്ചത്

എറണാകുളത്ത് ഹൈബി ഈഡനും രണ്ട് ലക്ഷത്തിന് മുകളിൽ ലീഡുയർത്തി. 2,50,385 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബിക്ക് ലഭിച്ചത്. തിരുവനന്തപുരത്ത് ശശി തരൂരിനെ വിറപ്പിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖർ കീഴടങ്ങിയത്. അവസാന റൗണ്ട് വരെ രാജീവ് ചന്ദ്രശേഖർ മുന്നിലായിരുന്നു. എന്നാൽ അന്തിമ ഘട്ടത്തിൽ തരൂർ 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറുകയായിരുന്നു

മാവേലിക്കരയിലും ശക്തമായ പോരാട്ടമാണ് നടന്നത്. 9323 വോട്ടുകളുടെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് 87,464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലക്കാട് വികെ ശ്രീകണ്ഠൻ 75,274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

തൃശ്ശൂരിൽ ബിജെപി ചരിത്രമെഴുതി. ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചത്. വിഎസ് സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കെ മുരളീധരൻ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് വീണു. കോഴിക്കോട് എംകെ രാഘവൻ 1,45,724 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

ആറ്റിങ്ങലിലാണ് സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടന്നത്. അവസാന നിമിഷത്തിൽ ഫോട്ടോഫിനിഷിലാണ് മണ്ഡലത്തിലെ ഫലം വന്നത്. 1708 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വിജയിച്ചത്. പത്തനംതിട്ടയിൽ ആന്റോ ആന്റണി 66,064 വോട്ടുകൾക്ക് വിജയിച്ചു. ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം 62,650 ആണ്

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 1,33,727 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചാലക്കുടിയിൽ ബെന്നി ബെഹന്നാന്റെ ഭൂരിപക്ഷം 63,769 വോട്ടുകളാണ്. ആലത്തൂരിലാണ് എൽഡിഎഫ് ആശ്വാസ ജയം നേടിയത്. കെ രാധാകൃഷ്ണൻ 19,587 വോട്ടുകൾക്ക് രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി. പൊന്നാനിയിൽ അബ്ദുസമദ് സമദാനി 2,34,563 വോട്ടുകൾക്ക് വിജയിച്ചു.

വാശിയേറിയ പോരാട്ടം നടക്കുമെന്ന് കരുതിയ വടകരയിൽ ഷാഫി പറമ്പിൽ അനായാസം വിജയിച്ചു കയറി. ഒരു ഘട്ടത്തിൽ പോലും കെ കെ ശൈലജക്ക് ഷാഫിയെ വെല്ലുവിളിക്കാൻ സാധിച്ചില്ല. 1,14,836 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം ഷാഫിക്ക് നൽകിയത്. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 1,12,575 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ 77,504 വോട്ടുകൾക്ക് വിജയിച്ചു.
 

Share this story