പിറവം പുഴയിലെ ദുരന്തം; കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി: ഒരു കുടുംബത്തിലെ നാല് പേരും വിടപറഞ്ഞു
പിറവം: മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാലംഗ കുടുംബത്തിലെ ഏഴ് വയസുകാരിയായ മൂത്ത മകളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ പുഴയിൽ കാണാതായ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പാലക്കാട് സ്വദേശി നാരായണൻ (43), ഭാര്യ വിജിമോൾ (40), മകൾ (7), രണ്ട് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിജിമോളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങൾ മുളക്കുളം പാലത്തിന് സമീപം ആദ്യം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച ഭർത്താവ് നാരായണന്റെ മൃതദേഹവും, ഇന്ന് (ഞായറാഴ്ച) രാവിലെ മൂത്ത മകളുടെ മൃതദേഹവും പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവുമാണ് കുടുംബത്തെ ഈ ദാരുണമായ അവസ്ഥയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൂർണ്ണമായി കാഴ്ചപരിമിതിയുള്ള വ്യക്തിയായിരുന്നു വിജിമോൾ. കടുത്ത വാടക കുടിശ്ശികയെ തുടർന്ന് താമസം മാറേണ്ടി വന്ന കുടുംബം കഴിഞ്ഞ ദിവസം കോതമംഗലം പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ പുതിയ താമസസ്ഥലം ക്രമീകരിച്ച് നൽകാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് കുടുംബം പിറവത്തെ ഒരു ഹോട്ടലിൽ നിന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂട്ട ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പിറവം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
