ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഐടിഐ, ഡിപ്ലോമക്കാർക്കും അവസരം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനിമുതൽ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും പ്രവേശനം ലഭിക്കും.2027–28 അധ്യയന വർഷം മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
പുതിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ:
ഐടിഐ പാസായവർക്ക് (10th + ITI): പത്താം ക്ലാസിന് ശേഷം അംഗീകൃത ഐടിഐ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് (First Year) നേരിട്ട് പ്രവേശനം ലഭിക്കും.
ഡിപ്ലോമക്കാർക്ക് ലാറ്ററൽ എൻട്രി (10th + Diploma / 12th + Diploma):
പത്താം ക്ലാസിന് ശേഷം 3 വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർ.
പന്ത്രണ്ടാം ക്ലാസിന് ശേഷം 2 വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർ.
ഇവർക്ക് ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി (Lateral Entry) വഴി പ്രവേശനം നേടാം.
ലക്ഷ്യങ്ങളും പ്രയോജനങ്ങളും:
തൊഴിലധിഷ്ഠിത പഠനത്തിന് മൂല്യം: ജനറൽ എഡ്യൂക്കേഷനും വൊക്കേഷണൽ എഡ്യൂക്കേഷനും തമ്മിലുള്ള വിടവ് കുറയ്ക്കാനും സാങ്കേതിക തിയറി പഠിച്ചവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വാതിലുകൾ തുറക്കാനും ഇതിലൂടെ സാധിക്കും.
തുടർപഠന അവസരം: ഐടിഐ/ഡിപ്ലോമ കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചവർക്കോ തുടർന്ന് ഡിഗ്രി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കോ പ്ലസ് ടു പ്രത്യേകമായി എഴുതിയെടുക്കേണ്ടി വരില്ല.
പഠനവർഷം ലാഭിക്കാം: പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവർക്ക് നേരിട്ട് രണ്ടാം വർഷ ഡിഗ്രിയിലേക്ക് പ്രവേശനം ലഭിക്കുന്നത് വഴി സമയം ലാഭിക്കാം.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
