പ്രധാനമന്ത്രി കേരളത്തിൽ; ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലേക്ക്, റോഡ് ഷോ ഉടൻ

PM Modi

ബിജെപി നടത്തുന്ന മഹിളാ സംഗമത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. അഗത്തിയിൽ നിന്നും പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം തൃശ്ശൂർ കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് തിരിച്ചു. തൃശ്ശൂരിൽ കലക്ടർ വിആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും.

കുട്ടനെല്ലൂരിൽ നിന്ന് റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപമെത്തുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. ജനറൽ ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങുന്ന മോദിയുടെ റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും

തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതിന് ശേഷം 4.30ന് റോഡ് മാർഗം കുട്ടനെല്ലൂരിലെത്തി ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിലേക്ക് തിരിക്കും.
 

Share this story