വന്ദേഭാരത് എക്‌സ്പ്രസിൽ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി; ഒപ്പം മുഖ്യമന്ത്രിയും

pm

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്ത് ഊഷ്മളമായ വരവേൽപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇതിന് ശേഷം റോഡ് മാർഗം അദ്ദേഹം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. 

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ വഴിയരികിൽ നൂറുകണക്കിനാളുകളാണ് കാത്തുനിന്നത്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡോർ തുറന്ന് വാതിൽപ്പടിയിൽ നിന്ന് കൊണ്ട് ആളുകളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ വഴി കടന്നുപോയത്. 

ഇതിന് പിന്നാലെ പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിലേക്ക് എത്തി. ഇവിടെ വന്ദേഭാരതിന്റെ സി 1 കോച്ചിൽ യാത്ര ചെയ്യാനിരുന്ന 41 കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. സ്‌റ്റേഷനിലേക്ക് എത്തിയ ഉടനെ സി 1 കോച്ചിലേക്ക് പ്രധാനമന്ത്രി കയറുകയായിരുന്നു. തുടർന്ന് കോച്ചിൽ യാത്ര ചെയ്തിരുന്ന എല്ലാ കുട്ടികളുടെയും സമീപത്തേക്ക് എത്തി അദ്ദേഹം സംസാരിച്ചു. തങ്ങൾ വരച്ച ചിത്രങ്ങൾ നൽകിയും കവിത ചൊല്ലിയുമൊക്കെയാണ് കുട്ടികൾ പ്രധാനമന്ത്രിയെ സന്തോഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ട്രെയിനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

Share this story