പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തിയേക്കും; സുരക്ഷ കർശനമാക്കും

PM Road Show

തൃശൂർ: ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയേക്കും. ജനുവരി 17നാണ് മോദി കേരളത്തിലെത്തുന്നത്. രാവിലെ 8.45നുള്ള വിവാഹത്തിൽ പങ്കെടുത്തതിനു ശേഷം മോദി റോഡു മാർഗം തൃപ്രയാർ ക്ഷേത്രത്തിലെത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇതോടനുബന്ധിച്ച് തൃപ്രയാർ ക്ഷേത്രത്തിൽ സുരക്ഷാ പരിശോധന കർശനമാക്കും.

കേരളത്തിൽ രണ്ടു ദിവസമാണ് മോദി ഉണ്ടായിരിക്കുക. മോദിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. അന്ന് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയുള്ള മുഹൂർത്തത്തിൽ 48 വിവാഹങ്ങൾക്കാണ് സമയം നൽകിയിരിക്കുന്നത്.

ആറ് മണിക്കും ഒൻപതു മണിക്കും ഇടയിൽ വിവാഹങ്ങൾ ഉണ്ടായിരിക്കില്ല. വിവാഹസംഘങ്ങൾക്ക് പ്രത്യേകം പാസും നൽകും. ഗുരുവായൂരിൽ പ്രധാനമന്ത്രിയെത്തുന്ന ദിവസം നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അന്നു രാവിലെ ചോറൂണും തുലാഭാരവും നടത്തില്ല.

Share this story