പിണറായിയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മോദി സംരക്ഷിക്കുന്നതെന്ന് കെ സുധാകരൻ

sudhakaran

സ്വർണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് പറയുന്ന പ്രധാനമന്ത്രി കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വർണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം വന്നതിൽ സ്പീഡിൽ തിരിച്ചു പോയെന്ന് മാത്രമല്ല, ബിജെപി വോട്ട് മറിച്ച് പിണറായി വിജയനെ രണ്ടാമത് മുഖ്യമന്ത്രി ആക്കുകയും ചെയ്‌തെന്നും സുധാകരൻ ആരോപിച്ചു

സ്വർണക്കടത്ത്, ഡോളർ കടത്ത്, കുഴൽപ്പണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് പ്രധാന പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോൾ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നും സുധാകരൻ പറഞ്ഞു. 

സ്വർണക്കടത്ത് കേസ് നിർജീവമാക്കിയതിനൊപ്പം ലാവ്‌ലിൻ കേസ് 28 തവണ മാറ്റിവെച്ചതും കൂട്ടി വായിക്കേണ്ടതാണ്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മോദി സംരക്ഷിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരെ വഴി നീളെ ആക്രമിച്ചപ്പോൾ അത് കണ്ട് രസിച്ചവരാണ് ബിജെപിക്കാരെന്നും സുധാകരൻ പറഞ്ഞു.
 

Share this story