മോദിയുടെ സന്ദർശനം: ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റി വെച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം.
എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങൾ വേണ്ടെന്നുവെച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി രാവിലെ എട്ടിനുശേഷം ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്. മറ്റു മൂന്ന് മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്. രാവിലെ 9 മുതൽ 10 വരെയുള്ള സമയം 18 വിവാഹങ്ങളാണ് നടക്കുക. 

Share this story