പിഎം ശ്രീ: പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് മന്ത്രി ശിവൻകുട്ടി
പി എം ശ്രീ പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിന്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. നിലവിൽ ഉപസമിതി നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു
കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു
