പിഎം ശ്രീ പദ്ധതി: സിപിഐയെ അവഗണിക്കില്ല, തീരുമാനം എൽഡിഎഫ് എടുക്കുമെന്ന് എംഎ ബേബി

baby

പിഎം ശ്രീയിലെ സിപിഐയുടെ വിയോജിപ്പിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. ദേശീയവിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല. നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് നോക്കുന്നതെന്നും ബേബി പറഞ്ഞു

എൽഡിഎഫ് നിലപാട് എടുത്ത ശേഷം വേണമെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്നും എംഎ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം വിഷയത്തിൽ സിപിഐയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തുവന്നിരുന്നു. സിപിഐയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് എന്ത് സിപിഐ എന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം

അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. നാളെ തുടങ്ങുന്ന സിപിഐ നേതൃയോഗങ്ങളിൽ പിഎം ശ്രീ വിവാദം ചർച്ചയാകും. നാളത്തെ മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചേക്കും.
 

Tags

Share this story