​പി.എം. ശ്രീ പദ്ധതി: യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെഎസ്‌യു

PM KS

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) സ്കൂൾ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ യുഡിഎഫ് സർക്കാർ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം അടിയന്തരമായി വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‌യു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ പദ്ധതി ഒപ്പിട്ടതിനെ ശക്തമായി ചോദ്യം ചെയ്തവരാണ് നമ്മളെന്നും, ആ നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ട് പോകരുതെന്നും കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

​ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ സമീപനങ്ങൾക്കെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം ഇന്ന് യുഡിഎഫ് സർക്കാരിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​മുൻ ഇടതുപക്ഷ സർക്കാർ കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ നിലവിൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ, സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തിലും സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശത്തിലും കേന്ദ്രം ഇടപെടില്ലെന്ന വ്യവസ്ഥകളോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തത്വത്തിൽ തീരുമാനിക്കുകയും വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്വന്തം വിദ്യാർത്ഥി സംഘടനയിൽ നിന്ന് തന്നെ സർക്കാരിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.

Tags

Share this story