പിഎം ശ്രീ: കോണ്‍ഗ്രസ് ബിജെപി തെളിച്ച വഴിയേ പോകുന്നു; ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമം: ബിനോയ് വിശ്വം

പിഎംശ്രീ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് ബിജെപി തെളിച്ച വഴിയെ പോകുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എല്‍ഡിഎഫ് ഒപ്പിട്ടതിനെക്കുറിച്ചാണ് യുഡിഎഫ് പറയുന്നത്. എല്‍ഡിഎഫിന്റെ ഒപ്പ് രാഷ്ട്രപതി അംഗീകരിക്കാത്തതിനാല്‍ മഷിയുടെ വില പോലും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീയെ അറബിക്കടലില്‍ കെട്ടി താഴ്ത്തും എന്ന് പറഞ്ഞ ലീഗിനെ കൊണ്ട് തന്നെ വാഴ്ത്ത് പാട്ട് പാടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയുമായി ലീഗ് അറബിക്കടലില്‍ ചാടി ആത്മഹത്യ ചെയ്യണം. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് പിഎം ശ്രീ പദ്ധതി. അതുകൊണ്ടാണ് സിപിഐ എതിര്‍ത്തത്. ആ എതിര്‍പ്പിലെ ശരി ബോധ്യപ്പെട്ടപ്പോള്‍ തീരുമാനം എല്‍ഡിഎഫ് പിന്‍വലിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ തീരുമാനം നടപ്പിലാക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ആര്‍ട്ടിക്കിള്‍ 299 വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉള്ളിന്റെ ഉള്ളിലുള്ളത് മഹാത്മാഗാന്ധിയോ നെഹ്‌റുവോ അല്ല, ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും ചിലപ്പോള്‍ ഗോഡ്‌സെയും ആണ്. അതുകൊണ്ടാണ് അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പോകുന്നത്. പിഎം ശ്രീയുമായി ബന്ധപ്പെട്ട എംഒയുവിന് നിയമ സാധുത ഇല്ല. കരാര്‍ ആകണമെങ്കില്‍ രാഷ്ട്രപതി ഒപ്പുവെക്കണം. രാഷ്ട്രപതി അംഗീകരിക്കാത്തതിനാല്‍ അതിന് ഒപ്പിട്ട മഷിയുടെ വില പോലുമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Tags

Share this story