മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം: പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്ന് യൂത്ത് ലീഗ്
മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമർശനം. പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്നും പരാമർശം തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പുകളിൽ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗിന് എതിർപ്പുണ്ട്.
മുനവറലി ശിഹാബ് തങ്ങളുടെയടക്കം നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് ചേർന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു വിമർശനമുയർന്നത്. പാർലമെന്ററി ബോർഡിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതിലും യൂത്ത് ലീഗിന് അതൃപ്തിയുണ്ട്.
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പിഎം സലാം പറഞ്ഞിരുന്നു
