മാലിന്യം വലിച്ചെറിഞ്ഞാൽ പോക്കറ്റ് കീറും; റെയിൽവേയിൽ പിഴ ഇരട്ടിയാക്കി

റയിൽവേ

റെയ്ൽവേ സ്റ്റേഷനുകളിലും ട്രെയ്നുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി 1,000 രൂപ പിഴ. നിലവിലുണ്ടായിരുന്ന പിഴയായ 500 രൂപയാണ് ഇരട്ടിയാക്കി 1,000 രൂപ ആക്കിയത്. ഓഗസ്റ്റ് 24ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്.

റെയ്ൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്‌ഫോമുകൾ, ട്രെയ്ൻ കോച്ചുകൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്കാണ് പിഴ ചുമത്തുക. മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

മാലിന്യം വലിച്ചെറിയുന്നതിന് പുറമെ റെയ്ൽവേ പരിസരത്ത് നിശ്ചിത സ്ഥലങ്ങൾക്ക് പുറത്തുവച്ച് പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക തുടങ്ങിയവയ്ക്കും പിഴ ചുമത്താം. റെയ്ൽവേ പരിസരത്ത് വാഹനങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ കഴുകുന്നതും സാധനങ്ങൾ സൂക്ഷിക്കുന്നതും ചട്ടലംഘനമായി കണക്കാക്കും.

റെയ്ൽവേ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ട്രെയ്ൻ കോച്ചുകളിലോ റെയ്ൽവേയുടെ മറ്റ് സ്വത്തുക്കളിലോ പോസ്റ്ററുകൾ ഒട്ടിക്കുക, മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ എഴുതുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയവയ്ക്കും നടപടി നേരിടേണ്ടിവരും. റെയ്ൽവേ പരിസരത്ത് പ്രവർത്തിക്കുന്ന അംഗീകൃത വിൽപനക്കാർക്കും മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കുകയും മാലിന്യം നിശ്ചിത സ്ഥലങ്ങളിൽ തന്നെ നിക്ഷേപിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കൊമേഴ്‌സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കളക്റ്റർമാർ, ഓപ്പറേറ്റിങ് വിഭാഗത്തിലെ തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പിഴ ഈടാക്കാൻ അധികാരമുണ്ട്.

പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരേ കോടതിയിൽ നിയമനടപടി സ്വീകരിക്കും. അത്തരം കേസുകളിൽ പരമാവധി 2,000 രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

Tags

Share this story