പോക്‌സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നു; ഇടനിലക്കാരായി പബ്ലിക് പ്രോസിക്യൂട്ടർമാർ

പോക്‌സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ്. കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ടർമാരും പോലീസും ഇടനിലക്കാരാകുന്നുവെന്നുമാണ് കണ്ടെത്തൽ. റിപ്പോർട്ടിന് പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ വിഷയം ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി. സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എഫ്‌ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്‌സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു

പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തളളുന്നതും പ്രതികൾ രക്ഷപ്പെടുന്നതും.

Share this story