പോലീസ് അതിക്രമം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് ചർച്ച ചെയ്യും
Sep 16, 2025, 10:53 IST

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയാവതരണത്തിന് അനുമതി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കി.
12 മണി മുതൽ 2 മണി വരെയാണ് ചർച്ച. റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പോലീസ് അതിക്രമം സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി കസ്റ്റഡി മർദനം ഒറ്റപ്പെട്ട സംഭവമാണെന്ന് ഇന്നലെ എൽഡിഎഫ് യോഗത്തിൽ പറഞ്ഞിരുന്നു.
നേരത്തെ ആരോഗ്യവകുപ്പിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ആരോഗ്യമന്ത്രി വീണ ജോർജ് കണക്കുകൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയിരുന്നു.