പനി വന്ന കുഞ്ഞിന് ഇപ്പോൾ മരുന്ന് കൊടുക്കേണ്ടെന്ന് പൊലീസ്; മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ ജനങ്ങൾ ലോക് ഡൗണിൽ: പുറത്തിറങ്ങിയാൽ വെടിവയ്പ്പ് മാത്രമില്ലെന്ന് പരിഹാസം

CM

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് മനുഷാവകാശ ലംഘനം നടത്തുന്നതായി പരാതി. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ മകന് മരുന്നുവാങ്ങാൻ പോയ പിതാവിനെ പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസം വെെകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. ഇന്ധന സെസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞദിവസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നതിൻ്റെ ഭാഗമായി ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് നിലവിളലുള്ളതെന്നാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 

കോട്ടയം സ്വദേശിയായ ശരത്തിൻ്റെ നാല് വയസുകാരനായ മകന് നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെ പനി ശക്തമാവുകയായിരുന്നു. ഞായറാഴ്ചയായതിനാൽ മെഡിക്കൽ സ്റ്റോറുകൾ മിക്കയുള്ളതും അടച്ചിരുന്നു. ഏറെ അന്വേഷണത്തിനൊടുവിലാണ് കാഞ്ഞൂരിലെ കട കണ്ടെത്തിയതെന്ന് ശരത് പറഞ്ഞു. എന്നാൽ മരുന്നുവാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അതുവഴി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമെന്നായിരുന്നു പൊലീസ് പറഞ്ഞത്. 

തുടർന്ന് പൊലീസിൻ്റെ നിർദേശപ്രകാരം വാഹനവുമായി ഒരുകിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും മറ്റൊരു മെഡിക്കൽ ഷോപ്പ് കണ്ടെത്താനായില്ല. തുടർന്ന് തിരികെ കാഞ്ഞൂരിലെ കടയിൽതന്നെ എത്തുകയായിരുന്നു. ഇതിനിടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തെത്തി തന്നോട് തട്ടിക്കയറുകയായിരുന്നെന്ന് ശരത് പറയുന്നു. ശരത്തിനെയും സഹോദരനെയും എസ്ഐ ശകാരിക്കുന്നതുകണ്ട മെഡിക്കൽ ഷോപ്പ് ഉടമ മത്തായി സംഭവത്തിൽ ഇടപ്പെട്ടു. ഇൻസ്പെക്ടർ കടയുടമയ്ക്കു നേരേയും തിരിയുകയായിരുന്നു. 

കട അടച്ചുപൂട്ടിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ശരത് മുഖ്യമന്ത്രിയ്ക്കും ആലുവ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ മനുഷ്യാവശകാശങ്ങൾ ഹനിക്കുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.ഒരു വ്യക്തിക്കു വേണ്ടിമാത്രം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്ന ചോദ്യമാണ് പലയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ വീടിനു പുറത്തിറങ്ങുന്ന ജനങ്ങളെ വെടിവയ്ക്കുക മാത്രം ചെയ്യുന്നില്ലെന്നും ബാക്കി എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുണ്ടെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.

Share this story