ചേരാനല്ലൂര്‍ അപകടത്തിലെ പൊലീസ് വീഴ്ച; കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റും

കാളിരാജ് മഹേഷ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പൊലീസ് വീഴ്ചയില്‍ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റും. പകരം ആര്‍. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേല്‍ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കമ്മീഷണറെ നീക്കിക്കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നേരത്തെ, പൊലീസ് വീഴ്ചയിൽ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്ക് എതിരെയായിരുന്നു നടപടി.

കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കാറുടമയായ ജഡ്ജിയുടെആലുവയിലെ ഫ്ലാറ്റിൽ ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയാണ് ക്രൈം ബ്രാഞ്ച് നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ മൂന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയില്‍ ആഡംബര ഇരുചക്ര വാഹനവും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു.

ഇതിനിടെ കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരായ നടപടിയില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം തൃപ്തിയറിയിച്ചു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുടുംബം നടത്തിയിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

ജഡ്ജിക്കെതിരായ തുടര്‍നടപടികളില്‍ തീരുമാനങ്ങള്‍ വരേണ്ടത് കോടതിയില്‍ നിന്നാണ്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജഡ്ജി റിനോ ഫ്രാന്‍സിസിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

Tags

Share this story