പോലീസിൽ രാഷ്ട്രീയ അതിപ്രസരം; തനിക്ക് പോലും നീതി ലഭിച്ചില്ലെന്ന് ആർ. ശ്രീലേഖ

r sreelekha

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും പോലീസ് സംവിധാനം പൂർണ്ണമായും രാഷ്ട്രീയ നിയന്ത്രണത്തിലാണെന്നും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ലൗ ജിഹാദ് ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുന്നതാണ് സ്ത്രീ സുരക്ഷ ഇല്ലാതാകാൻ പ്രധാന കാരണമെന്ന് അവർ ആരോപിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്നിട്ടും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളിൽ പോലും നീതി ലഭ്യമായില്ലെന്ന് ശ്രീലേഖ വെളിപ്പെടുത്തി. താൻ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും, രാഷ്ട്രീയ അനുമതിയില്ലാതെ സ്വന്തം സഹപ്രവർത്തകരെ പിന്തുണയ്ക്കാൻ പോലും ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീലേഖയുടെ വിമർശനം. സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട മന്ത്രിപത്നി പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അവർ ചോദിച്ചു. സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ ഇതിലും ദയനീയമാണെന്നും, പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്തതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീലേഖ ആഞ്ഞടിച്ചു.

Tags

Share this story