രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ
സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ വിജയൻ, എംഎൽഎയും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്തയച്ച സംഭവത്തിൽ വിമർശനവുമായി സിപിഎം.
ഇഡിയുടെ നിർദേശങ്ങൾക്ക് വഴങ്ങി പ്രവൃത്തിക്കുന്ന ഏജന്‍റായി സതീശൻ സർക്കാർ മാറരുതെന്നും രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാർഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്ന് സിപിഎം പൊളിറ്റ് ബ‍്യൂറോ വാർത്താക്കുറിപ്പിലൂടെ വിമർശിച്ചു.
വിഷയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.
കേസിലെ നിർണായക തെളിവുകളടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് ലഭിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കത്തിലെ പ്രധാന നിർദേശം. പിണറായി വിജയൻ 3.28 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മകൾ വഴിയായിരുന്നു ഇടപാടുകളെന്നും മരുമകൻ റിയാസ് ഇത് ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
