ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വള്ളംകളി

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. പുന്നമടയില്‍ ട്രാക്കൊരുങ്ങി. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന 72ാം നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയില്‍ നടക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യാതിഥികള്‍.

ഇന്ന് രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്സുകളാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കിലാണ് മത്സരിക്കുന്നത്. ഏറെ ആരാധകരുള്ള യുബിസി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും കൈനകരിയില്‍ നിന്ന് യുബിസി ഫാന്‍സ് ക്ലബ് എന്ന പേരില്‍ പുതിയ ക്ലബ്ബും ഇത്തവണ പുന്നമടയിലെത്തുന്നുണ്ട്. കഴിഞ്ഞതവണ ഡബിള്‍ ഹാട്രിക്ക് നഷ്ടമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ എത്തുന്നത്. പുന്നമടയില്‍ ആവേശത്തിരയില്‍ ഒപ്പം ചേരാന്‍ ഇതര സംസ്ഥാനത്തുനിന്നും രാജ്യത്തിന് പുറത്തുനിന്നും ആരാധകര്‍ ആലപ്പുഴയിലേക്ക് എത്തിത്തുടങ്ങി.

ജലോത്സവം പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. സ്പീഡ് ബോട്ട് അടക്കമുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിനും ഡ്രോണുകളുടെ ഉപയോഗത്തിനും കര്‍ശന നിയന്ത്രണമുണ്ട്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ചരിത്രത്തിലാദ്യമായി വള്ളംകളി നടത്തുന്നത്. ഇരിപ്പിടങ്ങളടക്കം തിരിച്ചറിയാന്‍ പ്രത്യേക കളര്‍ കോഡും ഏര്‍പ്പെടുത്തി. നാല് ബോട്ട് ജെട്ടികളില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നതിന് യാത്രാബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളിയുടെ പൂര്‍ണ്ണ കവറേജ് റിപ്പോര്‍ട്ടറിലൂടെ പ്രേക്ഷകരിലെത്തും.

വള്ളംകളിയെ തുടർന്ന് ഗതാത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി തെക്കുഭാഗത്തേക്ക് പോകണം. കൊല്ലം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, വൈഎംസിഎ ജംഗ്ഷന്‍ വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷന്‍ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ആലപ്പുഴ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനില്‍ നിന്നും പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറല്‍ ആശുപത്രി തെക്കേ ജംഗ്ഷന്‍, ചങ്ങനാശ്ശേരി ജംഗ്ഷന്‍ വഴി തിരികെ പോകണം. നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലും ആലുപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാര്‍ക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളില്‍ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് സര്‍വ്വീസ് നടത്തും.

Tags

Share this story