പൊന്നാനി ബോട്ട് അപകടം: ഇടിച്ച കപ്പൽ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു

കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട്‌ കൊച്ചി തീരത്തു എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി.

അതേസമയം, അപകടത്തിൽ മരിച്ച 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുൾ സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള "ഇസ്ലാഹ്' എന്ന ബോട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. പൊന്നാനിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് സാഗര്‍ യുവരാജ് എന്ന കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന 6 പേരില്‍ 4 പേരെ കപ്പലില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. കടലില്‍ മുങ്ങിപ്പോയ ബാക്കി രണ്ടുപേര്‍ക്കായി നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകള്‍ ഉള്ളതായാണ് വിവരം.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനിക്ക് കാരണമായതിനും കപ്പല്‍ ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തു.

Share this story