പൂപ്പാറ കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് 90 വർഷം തടവുശിക്ഷ

ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും 90 വർഷം തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികളായ തമിഴ്‌നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി. 

ഇന്നലെ പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകൾ, സാഹചര്യം എന്നിവയൊക്കെ പരിഗണിച്ചായിരുന്നു കോടതിയുടെ കണ്ടെത്തൽ. വിവിധ വകുപ്പുകൾ പ്രകാരമാണ് 90 വർഷം തടവ്. ശിക്ഷകളെല്ലാം കൂടി 25 വർഷം ഒന്നിച്ചനുഭവിച്ചാൽ മതിയാകും

2022 മെയ് 29നാണ് പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന 16കാരിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ആറംഗ സംഘമാണ് സുഹൃത്തിനെ മർദിച്ച ശേഷം കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരിഗണിക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ ഇന്നലെ വെറുതെവിട്ടിരുന്നു.
 

Share this story