പോറ്റിക്ക് ഡൽഹി ബന്ധമുണ്ട്; ഇടപാടുകൾക്ക് നേതൃത്വം ബിജെപി-സിപിഎം ബന്ധത്തിൽ പാലമായ എംപി: അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ അയാൾ ഒരു കൊള്ള സംഘത്തിന്റെ തലവനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു
ഉണ്ണികൃഷ്ണൻ പോറ്റി എന്റെ നിയോജകമണ്ഡലത്തിലെ വ്യക്തിയാണ്. ആ നിലയിലാണ് പരിചയപ്പെട്ടത്. ശബരിമലയിൽ അന്നദാനം നടത്തുന്നുണ്ടെന്നും ഉദ്ഘാടനം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി എന്നെ സമീപിച്ചത്. അതിൽ പങ്കെടുത്തിരുന്നു. അതുകഴിഞ്ഞാണ് സോണിയ ഗാന്ധിക്ക് പ്രസാദം നൽകാനായി പോറ്റി ഡൽഹിയിലെത്തിയത്
സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് മുൻകൂർ അനുവാദം ഉണ്ടായിരുന്നു. ഞാൻ കൂടെ പോകുക മാത്രമാണ് ചെയ്തത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പാർലമെന്റ് അംഗമാണ് ഈ ഇടപാടുകൾക്ക് നേതൃത്വം നൽകിയത്. സിപിഎമ്മിനും ബിജെപിക്കും ഇടയിൽ ഒരു പാലമായി ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു
ഈ വ്യക്തി പോറ്റിയെ പലതവണ ഫോണിൽ വിളിച്ചിട്ടുണ്ട്. ആ ഫോൺ കോളുകൾ കൃത്യമായി പരിശോധിച്ചാൽ ഗൂഢാലോചന പുറത്തുവരും. തനിക്കെതിരായ എസ് ഐ ടി അന്വേഷണത്തെ സ്വാഗതം ച്യെയുന്നു. ഇതോടൊപ്പം ഉന്നതതല ബന്ധങ്ങളെ കുറിച്ചും അന്വേഷണം വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
