വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഒരുങ്ങി കെ.എസ്.ഇ.ബി

KSEB

വേനല്‍ ചൂട് കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍ലകാല റെക്കോഡില്‍. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. അതിന് മുമ്പത്തെ ദിവസം 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

പീക്ക് അവറില്‍ വൈദ്യുതി വിനിയോഗ നിരക്കിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി ഉപയോഗത്തില്‍ പ്രത്യേകിച്ച് വൈകിട്ട് ആറിനും പതിനൊന്നിനും ഇടയില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി പറയുന്നത്. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടി വരും.

പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി ഇപ്പോള്‍. വൈദ്യുതി ആവശ്യം പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്.

ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.

Share this story