രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചിയിലെത്തി; ഊഷ്മള സ്വീകരണം

murmu

രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചിയിലെത്തി. രാഷ്ട്രപതിയായതിന് ശേഷം ദ്രൗപദി മുർമുവിന്റെ ആദ്യ കേരളാ സന്ദർശനമാണിത്. പ്രൗഡഗംഭീരമായ സ്വീകരണമാണ് രാഷ്ട്രപതിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൽകിയത്. ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി അനിൽകാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാഷ്ട്രപതി സന്ദർശിക്കും. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ പ്രസിഡന്റ്‌സ് കളർ സമ്മാനിക്കും. തുടർന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും

ഹയാത്ത് റീജൻസി ഹോട്ടലിലാണ് വിശ്രമം. വെള്ളിയാഴ്ച രാവിലെ 9.30ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവർണറുടെ അത്താഴ വിരുന്നിൽ പങ്കെടുക്കും. 18ന് രാവിലെ കന്യാകുമാരി സന്ദർശിക്കും. 11.30ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം 1.30ന് ലക്ഷദ്വീപിലേക്ക് പോകും.
 

Share this story