ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Murmu

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു, തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചു. ഇതിന് ശേഷം ദ്രൗപതി മുർമു നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ' സമ്മാനിച്ചു.

കൊച്ചിയിലെത്താനായതിൽ എനിക്ക് സന്തോഷമുണ്ട്, യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായി INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമർപ്പിക്കാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ സന്തോഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

മുൻപ് INS വിക്രാന്ത് സന്ദർശിക്കാനും കപ്പലിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും സംവദിക്കാനും അവസരം ലഭിച്ച കാര്യം ഓർത്തെടുത്ത രാഷ്‌ട്രപതി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി. 

ഇതിനൊപ്പം മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെയും INS വിക്രാന്ത് യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ഇതിന് പുറമെ നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും, നമ്മുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

Share this story