രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ; പൂർണകുംഭം നൽകി തന്ത്രി സ്വീകരിക്കും

murmu

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11.50 ന് സന്നിധാനത്ത് എത്തും.

കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിക്കും. ഉച്ചയ്ക്ക് 12.20ന് ദർശനത്തിന് ശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും.

നേരത്തെ നിലക്കലിൽ ഇറങ്ങുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് കാലാവസ്ഥ പ്രതികൂലമായതിലാൽ ആണ് ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ മാറ്റം. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക.

രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിയിലേക്ക് പോകുക.

Tags

Share this story