രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ കോൺക്രീറ്റിൽ താഴ്ന്ന സംഭവം; സുരക്ഷാ വീഴ്ചയില്ലെന്ന് പോലീസ്

helicopter

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സമയത്ത് ടയർ കോൺക്രീറ്റ് താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേരളാ പോലീസ്. താത്കാലിക സൗകര്യം ഒരുക്കിയത് രാഷ്ട്രപതി ഓഫീസിന്റെ അനുമതിയോടെയാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. 

രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോടും മറ്റും ലാൻഡിംഗ് സ്ഥലത്തെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നു ഇതനുസരിച്ച് ഉദ്യോഗസ്ഥരും പൈലറ്റും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻകൂർ ക്രമീകരണങ്ങൾ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. 

മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം.

Tags

Share this story