പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും; തൃശ്ശൂരിൽ റോഡ് ഷോ

PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തൃശ്ശൂരിൽ തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോ ഉണ്ടാകും. ഇതിന് ശേഷം മഹിളാ സംഗമത്തിൽ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശ്ശൂരിൽ പൂർത്തിയായി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരെ വിന്യസിക്കും

രണ്ട് മണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി വന്നിറങ്ങും. രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ. അതിന് ശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നുമണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. 

ഏഴ് ജില്ലകളിൽ നിന്നുള്ള രണ്ട് ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു. തൃശ്ശൂർ നഗരത്തിന്റെ സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
 

Share this story