പ്രധാനമന്ത്രിയുടെ കേരളസന്ദർശനം; ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം രൂപ: 30 ലക്ഷം അനുവദിച്ച് ധനവകുപ്പ്

Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം രൂപ. ഈ തുക ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഡയറക്‌ടർ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. ചെലവായ തുകയിൽ 30 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

ഈ മാസം 24 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിൽ റോഡ് ഷോ നടത്തിയ ശേഷം അദ്ദേഹം യുവം എന്ന പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി 25 ന് തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് വന്ദേഭാരത് ഉദ്ഘാടനം നിർവഹിച്ചു. ഇതിനു പുറമേ കൊച്ചി വാട്ടർ മെട്രോ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം, വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസന പരിപാടികളും ഉദ്ഘാടനം ചെയ്തിരുന്നു. പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനാണ് ടൂറിസം വകുപ്പിന് 95 ലക്ഷം രൂപ ചെലവായത്. 30 ലക്ഷം അനുവദിച്ചെങ്കിലും ബാക്കി തുക എപ്പോൾ നൽകും എന്നതിൽ വ്യക്തതയില്ല.

Share this story