കൊച്ചിയിൽ ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവർ കസ്റ്റഡിയിൽ

ആക്സിഡൻ്റ്

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. പരുക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.

മേനക ഭാഗത്ത് നിന്ന് അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്. കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂഷ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസിന് സാധിക്കില്ലെങ്കിൽ ഉത്തരവാദിത്തം ജനങ്ങളെ ഏൽപ്പിക്കാമെന്നാണ് ഹൈക്കോടതി വിമർശിച്ചത്.

സർക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്തുനിന്ന് കർശനമായ നടപടി ഉണ്ടാവണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.

Tags

Share this story