കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

കുറ്റിപുറം

കുറ്റിപ്പുറം (മലപ്പുറം): ദേശീയപാതയിൽ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

​ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന 'ഡിഫെൻഡർ' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിക്കുകയും, തുടർന്ന് കാറിന് മുകളിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ബസിന്റെ നടുഭാഗം തകരുകയും ചക്രങ്ങൾ ഊരിത്തെറിച്ചു പോകുകയും ചെയ്തു.

​അപകടസമയത്ത് ബസിൽ ധാരാളം യാത്രക്കാരുണ്ടായിരുന്നു. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും ഫയർഫോഴ്സും പോലീസും ചേർന്ന് മിന്നൽ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.

​പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Tags

Share this story