സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; സർവീസുകൾ പൂർണമായി നിർത്തിവെക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം നടത്താനാണ് ബസുടമകൾ തീരുമാനിച്ചത്. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കണ്ട് ചർച്ച നടത്തുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇല്ലെന്നും എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.
മിനിമം ചാർജ് 15 രൂപയാക്കണം ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസ് മേഖല നഷ്ടത്തിലാണെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പരിഹാരം കാണാനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
