സ്വകാര്യ സർവകലാശാല: സിപിഎം നയത്തിൽ മാറ്റമില്ല, എസ്എഫ്‌ഐയുമായി ചർച്ച നടത്തും

ബജറ്റിലെ സ്വകാര്യ, വിദേശ സർവകലാശാല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വത്കരണം പുതിയതല്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ് എഫ് ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ആകാമെന്നാണ് മുൻ നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു

പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണ്. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയെന്നും എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോളതലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതു കൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നത് കൊണ്ട് തൊഴിലാളി വർഗം മുന്നോട്ടുവെക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാൻ ഈ സർക്കാരിന് സാധിക്കുമെന്ന തെറ്റിദ്ധാരണയും ഞങ്ങൾക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
 

Share this story