'പ്രിയദർശിനി' ജനങ്ങൾ ഏറ്റെടുത്തു; യു.ഡി.എഫ് സർക്കാരിന്റെ ചരിത്ര വിജയമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

KSRTC CP John

തിരുവനന്തപുരം: കേരളത്തിൽ ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു സർക്കാർ പദ്ധതിയില്ലെന്ന് കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. യു.ഡി.എഫ് സർക്കാരിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിക്ക് സംസ്ഥാനത്തുടനീളം വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

​ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന മൂന്നിൽ രണ്ട് യാത്രക്കാരും നിലവിൽ സ്ത്രീകളാണെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി ആരംഭിച്ച 'പ്രിയദർശിനി' പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. യാത്രാച്ചെലവ് ഇല്ലാതായതിലൂടെ പ്രതിദിനം 7 കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടം വനിതകൾക്ക് നേരിട്ട് ലഭിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

​കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിൽ ആരംഭിച്ച ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സ്വകാര്യ ബസ് വ്യവസായത്തെക്കൂടി സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this story