പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

leela

രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചർ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. 98 വയസുള്ള ലീലാവതി ടീച്ചർ പുലർച്ചെ 3 മണിക്ക് എഴുന്നേൽക്കുമെന്ന് എന്നോട് പറഞ്ഞു. ആദ്യം വായനയും പിന്നെ എഴുത്തും. നമുക്ക് എല്ലാം ഉത്തേജനം നൽകുന്ന കാര്യമാണത്. ടീച്ചർ തന്റെ ജീവിതത്തിൽ ഒരുപാട് എഴുതിയിട്ടുണ്ട്. ഒരുപാട് പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. എന്നാൽ എന്നെ ആകർഷിച്ചത് ടീച്ചറുടെ ' കൾച്ചർ ഓഫ് സൈലൻസ്' എന്ന ആശയമാണ്. 

നിശബ്ദതയുടെ സംസ്‌കാരമെന്നത് ഭീരുത്വത്തിന്റെ സംസ്‌കാരം കൂടിയായാണ് ഞാൻ കാണുന്നത്. രാജ്യത്തുടനീളം, ജനങ്ങൾ പല കാര്യങ്ങൾ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത് പറയാനുള്ള ധൈര്യമില്ല. മഹത്തായ രാജ്യങ്ങൾ പടുത്തുയർത്തുന്നത് നിശബ്ദതയില്ല. മഹത്തായ രാജ്യങ്ങളും വ്യക്തിത്വങ്ങളുമുണ്ടാകുന്നത് വ്യക്തമായി അവരുടെ അഭിപ്രായങ്ങൾ ശക്തമായി രേഖപ്പെടുത്തുമ്പോഴാണെന്ന് രാഹുൽ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയിൽ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ചുമകൻ രാഹുൽ ഗാന്ധിയിൽ നിന്നും പുരസ്‌കാരം ലഭിച്ചുവെന്ന് ലീലാവതി ടീച്ചർ പറഞ്ഞു. ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചുവെന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ടുവെന്നും ചടങ്ങിൽ സംസാരിക്കവേ ടീച്ചർ ചൂണ്ടിക്കാട്ടി. അവാർഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുന്നതായും ലീലാവതി ടീച്ചർ അറിയിച്ചു.

Tags

Share this story