പി പി ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ അലയൻസ് ഇന്ത്യ ഓഫീസിൽ വിജിലൻസ് പരിശോധന

PP ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാൽ രേഖകൾ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കമ്പനിയുടെ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിലും പരിശോധന നടത്തിയത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിന് ശേഷമായിരിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക.

വരും ദിവസങ്ങളിൽ പി പി ദിവ്യയുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് അറിയിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ അലയൻസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പി പി ദിവ്യക്കെതിരായ പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും പരാതിയുണ്ട്. ഈ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

Tags

Share this story