ഗോഡ്‌സെ അനുകൂല കമന്റ്: ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

shyja

ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷൈജ പൊലീസിനെ അറിയിച്ചു. മൂന്ന് ദിവസത്തേക്ക് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കുന്ദമംഗലം പൊലീസ് നേരത്തെ ഷൈജ ആണ്ടവനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയത്. ഷൈജ ആണ്ടവനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതിൽ വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.

കമന്റിട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചില്ലെന്നാണ് ഇവരുടെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഷൈജ ആണ്ടവൻ തയ്യാറായിട്ടില്ല. സംഭവത്തിൽ എൻഐടി അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story